മംഗളുരു: ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളില്‍ വ്യപകമായി കല്ലേറും ലാത്തിച്ചാര്‍ജും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ശിവമോഗയിലെ ബാപ്പുജി നഗര്‍ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് ജനക്കൂട്ടത്തെ തുരത്താന്‍ വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധക്കാരുടെയും നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളും അല്ലാത്തവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കല്ലേറുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ബാഗല്‍കോട്ടിലെ റബകവിബനഹട്ടിയിലെ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ട് സംഘങ്ങള്‍ പരസ്പരം കല്ലെറിയുകയും, സംഘര്‍ഷം രൂക്ഷമായതോടെ കോളേജ് മാനേജ്‌മെന്റ് കോളേജിന് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ ‘അല്ലാഹു അക്ബറും’ മറുവിഭാഗം ‘ജയ് ശ്രീറാമും’ മുഴക്കിയതോടെ മാണ്ഡ്യ പിഇഎസ് കോളേജിലും പ്രതിഷേധം ഗുരുതരമായി. ചിക്കമംഗളൂരുവിലെ ഐഡിഎസ്ജി കോളേജിലും ഹിജാബ് പ്രതിഷേധം ആരംഭിച്ചു. വിജയപുര ജില്ലയിലെ ശാന്തേശ്വര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഇന്‍ഡി ടൗണിന്റെ പ്രവേശന കവാടത്തിലാണ് ഹിജാബും കാവി ഷാളും ധരിച്ച വിദ്യാര്‍ത്ഥികളെയും തടഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു.

