മാറ്റമില്ല…പക്ഷെ മാറ്റമുണ്ട്! ഗൂഗിള്‍ ക്രോമിന്റെ പുതിയ ലോഗോയില്‍ സംശയിച്ച് സോഷ്യല്‍ മീഡിയ

എട്ട് വര്‍ഷത്തിനിടെ ആദ്യമായി സെര്‍ച്ചിംഗ് ബ്രൗസറായ ഗൂഗിള്‍ ക്രോം ലോഗോയില്‍ മാറ്റം വന്നു. ഗൂഗിളിന്റെ നിലവിലെ ബ്രാന്‍ഡുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനര്‍ പറഞ്ഞതെങ്കിലും പുതിയ ലോഗോയിലെ മാറ്റം പെട്ടെന്ന് ആര്‍ക്കും കണ്ടുപിടിക്കാനാവില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍.

പുതിയ മാറ്റത്തെക്കുറിച്ച് ഡിസൈനര്‍മാര്‍ പറയുന്നതിങ്ങനെ: ഇപ്പോഴുള്ള ബ്രാന്റ് ഐക്കണില്‍ ഉള്ള ഷാഡോകള്‍ നീക്കം ചെയ്ത്, കളര്‍ ബാന്റുകളെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ലോഗോയുടെ നടുക്കുള്ള നീല സര്‍ക്കിളിന്റെ വലിപ്പം ഇത്തിരി വര്‍ദ്ധിച്ചതായും തോന്നും. വളരെ ലഘുവായ മാറ്റമാണിതെന്ന് ഡിസൈനര്‍ തന്നെ സമ്മതിക്കുന്നു. ഇത് വളരെ ലഘുവായ മാറ്റം അല്ലെ എന്ന് ചോദിക്കാം, വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രോഡക്ടിന്റെ ബ്രാന്റ് ഐക്കണിലെ ഒരോ മാറ്റവും ആ പ്രോഡക്ടിന് നല്‍കുന്ന പരിഗണനയുടെ അടയാളമാണ്.

2008ലാണ് ക്രോമിന്റെ ആദ്യത്തെ ലോഗോ എത്തിയത്. 2011ല്‍ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചിരുന്നു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. വൃത്താകൃതിയിലുള്ള, നാല്-വര്‍ണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എന്നാല്‍, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനില്‍ വരുത്തിയിരുന്നത്. പുതിയ ലോഗോയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ലോഗോയിലെ നിറങ്ങള്‍ക്ക് തിളക്കമുണ്ട്, മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമുണ്ട്, കൂടുതല്‍ നിഴലുകള്‍ ഇല്ല എന്നതുമാണ് മാറ്റങ്ങള്‍. വാര്‍ത്ത വന്നതോടെ ഒന്ന് രണ്ട് വട്ടം തിരിച്ചും മറിച്ചും നോക്കിയിട്ടും മാറ്റമുണ്ടോ എന്ന സംശയത്തിലാണ് പലരും.