കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇത് രണ്ടാം ജന്മമാണെന്നും പാമ്പുപിടിത്തം തുടരുമെന്നും വാവ പറഞ്ഞു. ‘കൃത്യസമയത്ത് ചികിത്സ കിട്ടയത് തുണയായി. പാമ്പ് പിടിത്തം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ല’- അദ്ദേഹം വ്യക്തമാക്കി.
ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും നിലവില്‍ വാവ സുരേഷിന് ഇല്ല. പാമ്പ് കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അല്‍പം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവില്‍ നല്‍കുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് വാവ സുരേഷ് കുറിച്ചിയില്‍ പാമ്പിനെ പിടിക്കാന്‍ എത്തിയത്. ആ അപകടമുണ്ടാക്കിയ വേദനയാണ് അശ്രദ്ധയായത്. ‘പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പ് കടിയേല്‍ക്കാന്‍ കാരണം.’-വാവ പ്രതികരിച്ചു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
കൊവിഡ് ബാധിച്ചതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രക്കിടെ ബോധം മറഞ്ഞത് നല്ലതുപോലെ ഓര്‍ക്കുന്നു. പിന്നീട് ഓര്‍മ വന്നത് നാലാം തിയ്യതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണെന്നും വാവ വിശദീകരിച്ചു.

