വിവാദങ്ങള്‍ക്കൊടുവില്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്നതിനാലാണ് കൂടിക്കാഴ്ച നടന്നത്. സംതൃപ്തമായ ഭാവത്തോടെയാണ് ഇരുവരും പിരിഞ്ഞത്.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തന്റെ ചികിത്സാ കാര്യങ്ങളും ആരോഗ്യ സ്ഥിതിയും ലോകായുക്ത നിയമഭേദഗതിക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങളും ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടും മുഖ്യമന്ത്രി വിശദീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതുമായി ബന്ധപ്പെട്ട് ലോകായുക്ത മുമ്പാകെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി ബോധിപ്പിച്ചു.

ലോകായുക്ത നിയമത്തില്‍ പ്രത്യേക വ്യവസ്ഥകളാണ് കേരളത്തിലുള്ളതെന്ന് ഗവര്‍ണര്‍ക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ തീരുമാനിക്കും.