പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ചരൺജിത് സിംഗ് ചന്നിയെയാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. ലുധിയാനയിൽ ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ഇത്തവണ രണ്ടു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുമെന്ന് ഛന്നി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാംകൗർ സാഹിബിലും ബദൗർ മണ്ഡലത്തിലുമാണ് ഛന്നി മത്സരിക്കുക. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിവരം.

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ചർച്ചകൾ നടക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പൂർണപിന്തുണ നൽകുമെന്ന ഉറപ്പ് ഛന്നിയിൽ നിന്നും സിദ്ദുവിൽ നിന്നും രാഹുൽഗാന്ധി വാങ്ങിയിരുന്നു. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 നാണ് ഫലപ്രഖ്യാപനം.