തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആത്മകഥ ബൂമറാങ് പോലെ ആയെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബിജെപി ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരന്‍ എവിടേയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ കുറ്റപത്രങ്ങളും ശിവശങ്കര്‍ കുറ്റത്തിലേര്‍പ്പെട്ടു എന്നാണ് പറഞ്ഞിട്ടുള്ളത്. ഗൂഢാലോചന നടത്തിയത് ശിവശങ്കര്‍ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. ശിവശങ്കര്‍ അറിയാതെ സ്വര്‍ണക്കടത്ത് നടക്കില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ശിവശങ്കര്‍. ഐഎഎസ് പദവിയിലിരുന്ന് ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഇടപെട്ട ശിവശങ്കറിനെ പിരിച്ചു വിടണം’- കെ സുരേന്ദ്രന്‍ പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകത്തിന് പിന്നാലെ ജയിലില്‍ മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ ഡി ഉദ്യോഗസ്ഥന്മാര്‍ ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞത് പുതിയ വെളിപ്പെടുത്തലാണ്. കൂടാതെ ബാംഗ്ലൂരിലേക്ക് കടക്കാന്‍ എല്ലാ സഹായവും ചെയ്തു, നിരവധി തവണ കസ്റ്റംസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ വിളിച്ചിരുന്നു, കള്ളക്കടത്തിന് ശേഷം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചിരുന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചത് എന്നതടക്കം നിരവധി പുതിയ വെളിപ്പെടുത്തലുകളാണ് സ്വപ്ന ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കേസില്‍ ഇപ്പോള്‍ ശിവശങ്കരന്റെ പുസ്തകവും സ്വപ്നയുടെ വെളിപ്പെടുത്തലുമെല്ലാം കേസിന്റെ തുടക്കം മാത്രമാണ്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

