ദിലീപ് കുമാറിന്റെ കാത്തിരിപ്പ് വിഫലം; വൈറൽ നായയുടെ ജഡം പൊട്ടക്കിണറ്റിൽ

കൊല്ലം: സ്വന്തം മകനെപോലെ പരിപാലിച്ച ചോട്ടു എന്ന നായയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ കഴിയുകയാണ് ഉടമയായ ദിലീപ് കുമാർ. അഞ്ച് ദിവസങ്ങൾക്ക് മുൻപ് കാണാതായ ചോട്ടു വീട്ടിലേക്ക് തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ദിലീപ് കുമാറും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തകർത്തു കൊണ്ട് അവരെ തേടിയെത്തിയത് ചോട്ടുവിന്റെ മരണവാർത്തയാണ്.

കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപ് കുമാറിന്റെ നായയാണ് ചോട്ടു. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ചോട്ടു വീട്ടുകാർക്ക് ഏറെ പ്രിയയങ്കരനായിരുന്നു. വീട്ടിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യുന്നത് ചോട്ടുവായിരുന്നു. വീട്ടിൽ പത്രമെത്തിയാൽ എടുത്ത് നൽകുന്നതു മുതൽ വളർത്തു മൃഗങ്ങളായ ആടിനും കോഴിക്കുമെല്ലാം സംരക്ഷകനായിരുന്നു ചോട്ടു. ദിലീപ് കുമാറും ചോട്ടുവും തമ്മിലുള്ള ബന്ധം നാട്ടുകാരിൽ പോലും കൗതുകം ഉണർത്തിയിരുന്നു. ചോട്ടുവിന്റെ പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ടായിരുന്നു. വീട്ടിൽ രാത്രിയിൽ ലൈറ്റ് തെളിയിക്കാതെ ഇരുന്നാൽ ലൈറ്റ് ഇടും, വാതിൽ അടച്ചില്ലെങ്കിൽ അടയ്ക്കും, വാഹനത്തിന്റെ താക്കോൽ എടുത്തുകൊണ്ടുവരും ഇങ്ങനെ തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം അവൻ ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളെല്ലാം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവും ചോട്ടുവിനുണ്ടായിരുന്നു. കൈവിരലിൽ ഒന്ന് എന്നു കാണിച്ചാൽ ചോട്ടു ഒന്ന് കുരയ്ക്കും. രണ്ട് എന്നു കാണിച്ചാൽ രണ്ടു തവണ കുരയ്ക്കും. ചോട്ടുവിന്റെ വീഡിയോകൾക്കെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അഞ്ചു ദിവസം മുമ്പാണ് ദിലീപ് കുമാറിന്റെ വീട്ടിൽ നിന്നും ചോട്ടുവിനെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നായയെ മോഷ്ടിച്ചതാകാമെന്നായിരുന്നു പോലീസിന്റെ സംശയം. അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് അരക്കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ നിന്നും നായയുടെ ജഡം കണ്ടെത്തിയത്. നായ അബദ്ധത്തിൽ കിണറ്റിൽ വീണതാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യം വ്യക്തമല്ല.