ലഖ്നൗ: തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സമർപ്പിച്ച നാമനിർദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് അദ്ദേഹം തന്റെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത്. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം കൈമാറി.
1,54,94,054 രൂപയുടെ വിവരങ്ങളാണ് അദ്ദേഹം സമർപ്പിച്ചിട്ടുള്ളത്. 49,000 രൂപ മതിക്കുന്ന 20 ഗ്രാമിന്റെ സ്വർണക്കടുക്കൻ, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിന്റെ സ്വർണമാല, രുദ്രാക്ഷം 12,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സ്വത്ത് വിവരത്തിൽ പരാമർശിക്കുന്നു. 1,00,000 രൂപ വിലയുള്ള റിവോൾവറും 80,000 വിലയുള്ള റൈഫിളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
എ്‌നാൽ സ്വന്തം പേരിൽ വാഹനങ്ങൾ ഇല്ലെന്നും ആദിത്യനാഥ് വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വർഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20-ൽ 18,27,639 രൂപയായിരുന്നു വരുമാനം. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി തന്റെ കൈവശമില്ലെന്നും തനിക്ക് ബാധ്യതകളില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വിശദമാക്കിയിട്ടുണ്ട്. ഗോരഖ്പുർ അർബൻ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്.

