ലോകായുക്തക്കെതിരെയുള്ള കെ ടി ജലീലിന്റെ അഭിപ്രായം വ്യക്തിപരം; കോടിയേരി

തിരുവനന്തപുരം: മുൻമന്ത്രി കെ ടി ജലീലിനെ തള്ളി സിപിഎം. ലോകായുക്തയ്‌ക്കെതിരെയുള്ള ആരോപണങ്ങളിലാണ് ജലീലിനെ സിപിഎം തള്ളിയത്. ലോകായുക്തക്കെതിരെയുള്ള കെ ടി ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കെ ടി ജലീൽ പാർട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണ്. അദ്ദേഹം പറയുന്നത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും കോടിയേരി വിശദമാക്കി. സിപിഎം ഇതുവരെ ലോകായുക്തക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയിൽ മന്ത്രി തെറ്റ് ചെയ്തിട്ടില്ല എന്ന് ലോകായുക്ത വ്യക്തമായി. വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകായുക്ത വിഷയത്തിൽ സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. എൽഡിഎഫിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്യും. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണറും സർക്കാരുമായും തർക്കമില്ല. ഓർഡിനൻസ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാത്തതെന്നും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീയതി നിശ്ചയിക്കാൻ കഴിയൂവെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.