കോട്ടയം: മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടയില്‍ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില പുരോഗമിച്ചു വരികയാണ്. ഡോക്ടര്‍മാരോട് സംസാരിക്കുകയും പേര് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയും ചെയ്‌തെന്നാണ് വിവരം. ഈ അവസരത്തില്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരുമ്പോള്‍ അദദ്ദേഹം ചെയ്ത സേവനങ്ങളെ മുന്‍നിര്‍ത്തി നല്ലൊരു വീട് വെച്ചു കൊടുക്കണമെന്നും ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് യാക്കോബായ സഭ ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെയെല്ലാം പ്രിയപ്പെട്ട വാവാ സുരേഷ് അപകടനില തരണം ചെയ്തു പൂര്‍ണ ആരോഗ്യത്തിലേക്കും സാധാനണ ജീവിതത്തിലേക്കും മടങ്ങി വരുന്നു എന്നുള്ള വാര്‍ത്ത ഏറെ സന്തോഷപ്രദമാണ്. ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം അദ്ദേഹത്തെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ടീമിനോടും നന്ദി പ്രകടിപ്പിക്കാം. എല്ലാത്തിനും നേതൃത്വം നല്‍കിയ മന്ത്രി വി. വാസവന്‍ സാറിനും സര്‍ക്കാരിനും നന്ദി.
സര്‍ക്കാരിനോട് ഒരു അഭ്യര്‍ത്ഥന കൂടി വെക്കുന്നു. ജീവിതത്തിലേക്ക് മടങ്ങി വരുന്ന വാവാ സുരേഷിന് അദ്ദേഹം ഇതുവരെ ചെയ്ത സേവനങ്ങളെ മാനിച്ച് നല്ലൊരു വീട് വെച്ചു കൊടുക്കണം. ഒപ്പം നല്ലൊരു ജോലിയും. ഇതുവരെ അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡ് തുകകള്‍ ഒക്കെ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് കൊടുക്കുകയായിരുന്നു. ഒത്തിരി അഗ്നി പരീക്ഷണങ്ങളെ അതിജീവിച്ച് പലപ്പോഴും മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന വാവാ സുരേഷിനെ ഇനി സമൂഹം/ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറ്റുള്ളവരും യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും നാള്‍ നിസ്വാര്‍ത്ഥമായി നാടിനെ കരുതിയ വാവാ സുരേഷിനെ ഇനിയെങ്കിലും നാട്/ സര്‍ക്കാര്‍ ഏറ്റെടുക്കണം.

