പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെ പിടിച്ചാല്‍ കര്‍ശന നടപടിയെന്ന് വനം വകുപ്പ്‌

കോഴിക്കോട്: പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെ പിടിക്കുന്നതിന് കര്‍ശന വിലക്കുമായി വനം വകുപ്പ്. 2020-ല്‍ 1600 പേരെ പരിശീലിപ്പിച്ചതില്‍ 928 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. അഞ്ചുവര്‍ഷമാണ് ലൈസന്‍സ് കാലാവധിയെങ്കിലും ഇതിനിടയില്‍ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

അതേസമയം, വാവ സുരേഷ് പരിശീലനത്തില്‍ പങ്കെടുക്കുകയോ സര്‍ട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നല്‍കാന്‍ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവര്‍ അടിയന്തരമായി പരിശീലനപദ്ധതിയില്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പിന്റെ നിര്‍ദ്ദേശം. സ്വന്തംനിലയില്‍ പാമ്പുകളെ പിടികൂടിയതിന്റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയ പരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്ന് തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ. മുഹമ്മദ് അന്‍വര്‍ പറയുന്നു.

പാമ്പിനെ പിടിക്കുമ്പോള്‍

അനുമതിയില്ലാതെയോ സര്‍ട്ടിഫിക്കറ്റില്ലാതെയോ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകൃത്യമാണ്.
പാമ്പിനെ പിടിക്കുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.
പാമ്പിന് ഒരപകടവും സംഭവിക്കാന്‍ പാടില്ല.
പൈപ്പ് ഉപയോഗിച്ച് കൃത്രിമ മാളം സൃഷ്ടിച്ച് അതുവഴി പാമ്പിനെ കടത്തി വിട്ട് ബാഗിലാക്കുകയാണ് ശാസ്ത്രീയ രീതി. 30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റിനുള്ളില്‍ പാമ്പിനെ ബാഗിലാക്കണം.
പാമ്പിനെ തലകീഴായി തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കരുത്. പാമ്പിന്റെ നട്ടെല്ലിന് വേഗം പരിക്കു പറ്റാനിടയുണ്ട്.
പാമ്പിനെ പിടികൂടുമ്പോള്‍ പരിസരത്തുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
നീര്‍ക്കോലി, രാജവെമ്പാല, ചേനത്തണ്ടന്‍, അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകളെ അംഗീകാരമില്ലാത്തവര്‍ പിടിക്കുന്നത് മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.