ഗൂഢാലോചന കേസില്‍ എഡിജിപി ബി.സന്ധ്യക്കെതിരെ ദിലീപ്. ഗൂഢാലോചന നടന്നെന്ന് പറയുന്നത് ആലുവ പൊലീസ് സ്റ്റേഷന് പരിധിയിലാണ്. അതിനാല്‍ വിവരം എസ്എച്ച്ഒക്ക് നല്‍കാതെ ബി.സന്ധ്യക്ക് കൈമാറിയത് എന്തിനാണെന്നും ദിലീപ് കോടതിയില്‍ ചോദിച്ചു. തന്നെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ എഡിജിപിയും ഉദ്യോഗസ്ഥരും നടത്തിയ തന്ത്രമാണ് പുതിയ കേസ്. പോലീസ് ഉദ്യോഗസ്ഥരാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത് എന്ന് ദിലീപ് ആരോപിച്ചു. വിഐപി ആരാണെന്ന് പറയാത്തത് മാപ്പുസാക്ഷിയായി ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കാനായിരിക്കുമെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, കേസില്‍ എഫ്ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. പ്രതിക്കെതിരെ പ്രോസിക്യൂഷന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുല്ബലമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് മാത്രമാണ് കേസിന്റെ അടിസ്ഥാനമെന്നും ദിലീപ് വ്യക്തമാക്കി. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമല്ലെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഒന്നാം പ്രതിക്ക് പോലും ഇത്തരമൊരു കഥ പറയാനില്ലെന്നും ബാലചന്ദ്രകുമാര്‍ തന്റെ തിരക്കഥ രചനാവൈഭവം ഉപയോഗിക്കുകയാണെന്നും അഡ്വ. ബി രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കെട്ടിച്ചമച്ചതാണ്. പള്‍സര്‍ സുനിയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വളച്ചൊടിക്കുകയാണ് അന്വേഷണ സംഘമെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാല്‍, തന്നെ ഒരുദ്യോഗസ്ഥനും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്തതും എഫ്ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അനിയനും അളിയനും ഒപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഡാലോചനയാകും? 83 വയസുള്ള തന്റെ അമ്മയൊഴികെ ബാക്കി കുടുംബാംഗങ്ങളെയെല്ലാം കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

