തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിരവധി വിവരങ്ങൾ അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്വപ്ന സുരേഷിന്റെ നിയമം കൺസൾട്ടൻസി ഏജൻസി വഴിയായിരുന്നെന്നും താൻ അത് അറിഞ്ഞിരുന്നില്ലെന്നും പുസ്തകത്തിൽ ശിവശങ്കർ പറയുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കുറിച്ചും ശിവശങ്കർ പുസ്തകത്തിൽ വിവരിക്കുന്നു.
സ്വർണക്കടത്ത് കേസിലെ കിംഗ്പിൻ താനാണെന്ന് വരുത്താൻ പ്രചാരണമുണ്ടായി. കോടതിയിലും തനിയ്ക്കെതിരെ നുണപറഞ്ഞു. മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാനും ഇഡി ശ്രമിച്ചുവെന്നും അത് ചോദ്യം ചെയ്യലിൽ വ്യക്തമായതായും ശിവശങ്കർ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ സംഘങ്ങൾക്കുമേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്ന ആരോപണവും ശിവശങ്കർ മുന്നോട്ടുവെയ്ക്കുന്നു.
സ്വപ്നയുമായി മൂന്ന് വർഷത്തെ അടുത്ത പരിചയമുണ്ട്. സ്വർണക്കടത്ത് സംഘങ്ങളുമായുള്ള സ്വപ്നയുടെ പങ്ക് പുറത്തായപ്പോൾ ഞെട്ടി. ബാഗേജ് കസ്റ്റംസ് പിടിച്ചപ്പോൾ സ്വപ്ന സഹായം തേടി. എന്നാൽ ബാഗേജിൽ സ്വർണമുണ്ടെന്ന കാര്യം സ്വർണം സ്വപ്ന തന്നോട് പറഞ്ഞിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ കോടതിൽ തനിയ്ക്കെതിരെ കള്ളം പറഞ്ഞതായും ശിവശങ്കർ വ്യക്തമാക്കി.
ശനിയാഴ്ച്ചയാണ് എം ശിവശങ്കറിന്റെ ആത്മകഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ വിപണിയിലെത്തുന്നത്. തനിക്ക് ജയിലിനുള്ളിൽ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികളുടെ സമീപനത്തെ കുറിച്ചും വിശദമാക്കുന്നുണ്ട്. താൻ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തിൽ ശിവശങ്കർ പറയുന്നത്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാൽ വേട്ടയാടപ്പട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥയാണ് അശ്വത്ഥാമാവ് വെറുമൊരു ആനയെന്ന പുസ്തകമെന്ന് ഡിസി ബുക്‌സ് അറിയിച്ചു. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിലടക്കപ്പെട്ട എം. ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നുവെന്നും സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരുക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നതെന്നും ഡിസി ബുക്‌സ് വിശദമാക്കി.
അശ്വത്ഥാമാവ് എന്ന പേരിലെ ആനയായിരുന്നു സ്വർണ്ണ കടത്തിൽ താനെന്ന് പറയുകയാണ് ശിവശങ്കർ. അതായത് മറ്റാരേയോ വീഴ്ത്താനുള്ള എളുപ്പമാർഗ്ഗം. മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താനുള്ള ഗൂഢനീക്കമാകും നടത്തിയതെന്ന് തന്റെ ആത്മകഥയിലൂടെ ശിവശങ്കർ പറയാതെ പറയുകയാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

