ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചുവെന്നും കേന്ദ്രഭരണപ്രദേശത്ത് 541 ഭീകരാക്രമണ സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നീരജ് ഡാങ്കി എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 98 സാധാരണക്കാര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 109 സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരാക്രമണങ്ങളില്‍ പൊതുമുതലുകള്‍ കാര്യമായി നശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ 5.3 കോടിയുടെ സ്വകാര്യ സ്വത്തുക്കള്‍ നശിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനി അടക്കം അഞ്ച് ഭീകരരെയാണ് കശ്മീരില്‍ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചത്. 2019 ഫെബ്രുവരിയിലെ പുല്‍വാമ ചാവേറാക്രമണത്തിന്റെ ആസൂത്രകന്‍ സമീര്‍ ദാര്‍ കൊല്ലപ്പെട്ടശേഷം സഹീദ് ആയിരുന്നു ചുമതലക്കാരന്. ബദ്ഗാമില്‍ കൊല്ലപ്പെട്ടതു ലഷ്കര്‍ ഭീകരനാണ്. സഹിദ് വാനിയുടെയും കൂട്ടാളികളുടെയും വധത്തോടെ കശ്മീരിലെ ജയ്ഷ് ഭീഷണി ഇല്ലാതാക്കിയതായി മേജര്‍ ജനറല്‍ ശ്രീവാസ്തവ അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത്.
ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A പ്രവര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്കര്‍ഷിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. അയല്‍ രാജ്യമായ പാക്കിസ്ഥാന്, ഇന്ത്യക്കെതിരായ അജണ്ട നടപ്പാക്കാന്‍ എപ്പോഴും മറയാക്കിയിരുന്നത് ജമ്മു-കശ്മീരിനെയാണ്. ജമ്മു-കശ്മീരിലെ യുവാക്കളെ ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിജയം കണ്ട പാക്കിസ്ഥാന് ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. അതുതന്നെയാണ് പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ രാജ്യത്തിനുണ്ടായ പ്രധാന നേട്ടവും.

