തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പുറത്ത്. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നൽകുക എന്നാണ് സർക്കാരിന്റെ ചോദ്യം. ഗവർണർ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാൻ ലോകായുക്തക്ക് കഴിയില്ലെന്നും 1986-ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ഗവർണറെ അറിയിച്ചു.
മന്ത്രിസഭാ അംഗീകരിച്ച ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടകൾ നൽകിയ നിവേദനങ്ങൾ ഗവർണർ സർക്കാരിന് കൈമാറിയിരുന്നു. ഇതിനാണ് സർക്കാർ വിശദീകരണം നൽകിയത്. ഒരു പൊതുപ്രവർത്തകന്റെ സ്ഥാനം റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തിൽ പറഞ്ഞിരുന്നു. ഇത് ഖണ്ഡിക്കുന്നതിനാണ് 1986-ലെ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ വിധി സർക്കാർ വിശദമാക്കിയത്.
ലോകയുക്ത നിയമം നിലവിൽ വന്നിട്ട് ഇത്രകാലമായിട്ടും എന്തുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് സർക്കാരിന് തോന്നാതിരുന്നതെന്നും ഇപ്പോൾ അതിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനല്ലെയെന്നുമിുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും സർക്കാർ മറുപടി നൽകുന്നുണ്ട്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിന്റെ നിയമപരമായ സാധുത ഇതുവരെ ജൂഡീഷ്യൽ അവലോകനത്തിന് വിധേയമായിട്ടില്ലെന്നായിരുന്നു സർക്കാർ നൽകിയ മറുപടി. അതിന് കാലയളവ് ഒരു തടസ്സമല്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ലോകായുക്ത നിയമഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചിരുന്ന ആവശ്യം. 1999 ൽ ലോകായുക്താ നിയമഭേദഗതി നിയമം നിലവിൽ വന്നപ്പോൾ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും രാഷ്ട്രപതിയുടെ അനുമതി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

