പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ പരിചരണം; മാർഗനിർദേശങ്ങൾ പുറത്തിറക്കി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ വിളിച്ചു ചേർത്ത സന്നദ്ധ സംഘടനകളുടേയും പ്രവർത്തകരുടേയും യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ സന്നദ്ധ പ്രവർത്തകർക്കും സംഘടനകൾക്കുമായാണ് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ നൽകിയത്. എല്ലാവരും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ:

· സന്നദ്ധപ്രവർത്തകർ അവരവരുടെ പ്രദേശത്തെ കിടപ്പിലായതും വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്തതുമായ രോഗികളുള്ള വീടുകളുമായി നിരന്തര ബന്ധം പുലർത്തണം. ഫോൺ വഴിയും മറ്റും ബന്ധപെട്ടു വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കണം.

· ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള വീടുകൾ ഉണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനവും സന്നദ്ധസംഘടനകളുമായി ബന്ധപെട്ടു വേണ്ട കാര്യങ്ങൾ ചെയ്യണം.

· ആശുപത്രികളും പാലിയേറ്റീവ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഇവർ തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങുന്നില്ല എന്നു ഉറപ്പുവരുത്തണം.

· എല്ലാ പാലിയേറ്റീവ് കെയർ രോഗികൾക്കും വാക്സിനേഷൻ ഉറപ്പാക്കണം.

· രോഗികൾക്കാർക്കെങ്കിലും പനി, തൊണ്ടവേദന, ജലദോഷം എന്നീ ബുദ്ധിമുട്ടുകൾ പുതിയതായി വന്നാൽ ആശമാരുടെയോ ആരോഗ്യ പ്രവർത്തകരുടെയോ ശ്രദ്ധയിൽ കൊണ്ടുവരികയും അവർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയും വേണം.

· ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ വീടുകളിൽ ചെന്ന് പരിചരണം നൽകുന്ന യൂണിറ്റുകൾ, ഹോം കെയർ എണ്ണം വർധിപ്പിക്കുവാൻ ശ്രമിക്കണം.

· സേവനം ആവശ്യമുള്ള രോഗികളുടെ ലിസ്റ്റ് സന്നദ്ധ സഘടനകൾക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കാവുന്നതാണ്.

· ഹോം കെയറിൽ പങ്കെടുക്കുന്ന നഴ്സുമാർക്കും സന്നദ്ധപ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകേണ്ടതാണ്.

· ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ബോധവൽക്കരണം ഹോം കെയറിന് ചെല്ലുന്ന വീടുകളിൽ നൽകേണ്ടതാണ്.

· കോവിഡ് വ്യാപനമുണ്ടാകാതെ മുൻകരുതൽ സ്വീകരിച്ചു വേണം ഹോം കെയർ നടത്തുവാൻ.

· ഹോം കെയർ നടത്തുമ്പോൾ രോഗികളുടെ കുടുംബാംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുവാൻ പരമാവധി ശ്രദ്ധിക്കണം.

· കോവിഡ് രോഗ രോഗ ലക്ഷണങ്ങളുള്ള രോഗികളുടെ വിവരം സർക്കാർ ആശുപത്രിയിൽ അറിയിക്കണം.

· കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർക്കുള്ള പരിശോധനയും ചികിത്സയും സംബന്ധിക്കുന്ന നിർദേശങ്ങൾ ഡോക്ടർമാരെ ഫോൺ വഴി ബന്ധപെട്ടോ ഇ സഞ്ജീവിനി പ്ലാറ്റഫോം വഴിയോ സ്വീകരിക്കേണ്ടതാണ്. രോഗികളുടെ അവസ്ഥയനുസരിച്ചു വീട്ടിൽ നൽകുവാൻ കഴിയുന്ന ചികിത്സകൾ വീട്ടുകാരുടെ സമ്മതത്തോടെ വീട്ടിൽ തന്നെ നൽകാവുന്നതാണ്.

· ഹോസ്പിറ്റൽ ചികിത്സ ആവശ്യമാണെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയിലേക്ക് മറ്റേണ്ടതാണ്.

· കാൻസർ ബാധിച്ചവർ, ഡയാലിസിസ് രോഗികൾ എന്നിവരുടെ ചികിത്സ മുടങ്ങാതിരിക്കുവാൻ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ടു വേണ്ട ഇടപെടലുകൾ നടത്തണം.