കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ലെന്ന അഭിപ്രായവുമായി നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ‘പരമാവധി 100 വര്‍ഷമാണ് മനുഷ്യജീവന്റെ ആയുസ്. അതിനാല്‍ പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക മാറ്റങ്ങള്‍ നമുക്ക് തിരിച്ചറിയാനാവുന്നില്ല. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് മനുഷ്യനെ ഭീതിയിലാഴ്ത്തുന്നത്. അത് മനുഷ്യന്റെ കൈയിലിരിപ്പ് കൊണ്ടു തന്നെയാണ്. ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. അധികം വൈകാതെ കൊച്ചി നഗരം കടലില്‍ വീഴുമെന്ന പ്രവചനങ്ങള്‍ക്ക് സംശയമൊന്നുമില്ല. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല’- അദ്ദേഹം വ്യക്തമാക്കി.
സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ല്‍ പുതു തലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3യുടെ പരീക്ഷണം വിജയകരമായി നടന്നത്. ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് എന്ന വിക്ഷേപണ വാഹനത്തിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും സോമനാഥ് ചുമതല വഹിച്ചിരുന്നു.
പി.എസ്.എല്‍.വി വികസനത്തിന്റെ ആദ്യ കാലത്ത് സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ല്‍ എല്‍.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യന്‍ ക്രയോജനിക് ഘട്ടങ്ങള്‍ സാദ്ധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എന്‍ജിനീയറിംഗില്‍ വിദഗ്ദ്ധനായ അദ്ദേഹം പി.എസ്.എല്‍.വി.യുടെയും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെയും രൂപകല്‍പന, പ്രൊല്‍ഷന്‍ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലെല്ലാം നിരവധി സംഭാവനകള്‍ നല്‍കി.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ഇദ്ദേഹം കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കുകയും, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്റോ സ്‌പേസ് എന്‍ജിനീയറിംഗില്‍ നിന്ന് സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.

