ഹോട്ട്സ്റ്റാറിൽ പുതിയ റെക്കോർഡുകൾ കരസ്ഥമാക്കി മോഹൻലാൽ ചിത്രം ബ്രോ ഡാഡി. ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്‌സ്‌ക്രിപ്ഷനും, ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ വാച്ച് ടൈമുള്ള രണ്ടാമത്തെ സിനിമ എന്ന നേട്ടവുമാണ് ബ്രോ ഡാഡി സ്വന്തമാക്കിയത്. പൃഥ്വിരാജാണ് ബ്രോ ഡാഡിയുടെ സംവിധാനം നിർവ്വഹിച്ചത്.
ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, സൗബിൻ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എല്ലാ ഭാഷകളിലും വച്ച് ആദ്യദിനം ഏറ്റവും കൂടുതൽ സബ്സ്‌ക്രിപ്ഷൻ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതിൽ എല്ലാവരോടും അതിയായ നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നൽകുന്ന അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീർത്ത പ്രോജക്റ്റാണിതെന്നും പൃഥ്വിരാജ് പ്രതികരിച്ചു.

