തിരുവനന്തപുരം: കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം. ഇതിനായി ഡൽഹിയിലേക്ക് പോകാനാണ് ബിജെപി പ്രതിനിധി സംഘത്തിന്റെ തീരുമാനം. കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് സംഘം റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. മെട്രോമാൻ ഇ ശ്രീധനരനും സംഘത്തിൽ ഉൾപ്പെടുന്നു. കെ റെയിൽ പദ്ധതിയെ പൂർണമായും എതിർക്കുന്ന നിലപാടാണ് ബിജെപിയുടേത്. പദ്ധതിയ്ക്ക് ഒരു കാരണവശാലും അനുമതി നൽകരുതെന്ന ആവശ്യം കേന്ദ്രത്തോട് കേരളാ ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെടും. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ബിജെപി സംഘത്തിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ വലിയ പ്രക്ഷോഭ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രാലയത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റേയും പിന്തുണ കേരളാ ബിജെപി തേടുമെന്നാണ് വിവരം. പദ്ധതിയുടെ ദോഷവശങ്ങളെ പ്രതിനിധി സംഘം കേന്ദ്രത്തിന് വിശദീകരിച്ച് നൽകും.

