ന്യഡൽഹി: അമർ ജവാൻ ജ്യോതി വിവാദത്തെ കുറിച്ച് മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയവുമായി ബന്ധപ്പെട്ട് പല വിരമിച്ച സൈനികരും തനിക്ക് കത്തെഴുതിയെന്ന് അദ്ദേഹം പറഞ്ഞു. അമർജവാൻ ജ്യോതി പോലെ വീരമൃത്യു വരിച്ച സൈനികരുടെ സംഭാവനകളും അനന്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവസരം ലഭിക്കുമ്പോൾ എല്ലാവരും ദേശീയ യുദ്ധസ്മാരകം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വാക്‌സിൻ വിതരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാക്‌സിനിലുള്ള വിശ്വാസം വർധിക്കുന്നത് പ്രത്യാശ നൽകുന്നതാണ്. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിന്റെ വൈറസ് വ്യാപനത്തിന്റെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതുകയാണ്. കോവിഡ് കേസുകൾ കുറയുന്നത് നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസാദി കാ അമൃത മഹോത്സവം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന ആഘോഷമല്ല. സുഹൃത്ത് രാജ്യങ്ങളിൽ നിന്നടക്കം ആശംസകൾ ലഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികൾ അവരുടെ ചിന്തകൾ പോസ്റ്റ് കാർഡിൽ അയച്ചുവെന്നും ഭീകര മുക്തമായ സുസ്ഥിര ഇന്ത്യ വേണം എന്നാണ് അതിൽ ഒരു കുട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. യുവത്വത്തിന്റെ കാഴ്ചപ്പാടുകളാണ് ഈ പോസ്റ്റ്കാർഡുകളിലൂടെ പ്രതിഫലിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

