ന്യൂഡൽഹി: പെഗാസസുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
നിലവിൽ പെഗാസസ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി നിയോഗിച്ച സമിതി വിഷയം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് 2017 ൽ ഒരു പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. രണ്ട് ബില്യൺ ഡോളറിന്റെ ഈ ഇടപാടിലെ പ്രധാന ആകർഷണങ്ങൾ പെഗാസസ് സോഫ്റ്റ്‌വെയറും ഒരു മിസൈൽ സംവിധാനവുമാണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
വിഷയത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. വിഷയം പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

