ലോകായുക്ത: 22 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിലെ തിടുക്കം ദുരൂഹം

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്നാണ് കത്തിലെ പ്രമേയം. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, 22 വര്‍ഷം പഴക്കമുള്ളൊരു നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിലെ തിടുക്കം ദുരൂഹമാണെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ലോകായുക്ത നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്നത്. ലോകായുക്തയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നുള്ള രീതി മാറ്റി ജഡ്ജി ആയാല്‍ മതിയെന്നാണ് തീരുമാനം. ഇഷ്ടക്കാരെ ഈ സ്ഥാനത്ത് നിയമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. സര്‍ക്കാരിനെതിരെയുള്ള കേസുകളില്‍ ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സതീശന്‍ വ്യക്തമാക്കുന്നു.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതിനാല്‍ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് യെച്ചൂരിയോട് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെടുന്നത്.