രോഗിയുമായി സമ്പർക്കത്തിൽ വരുന്ന മുഴുവൻ പേരും ക്വാറന്റീനിൽ പോകേണ്ടതില്ല;ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇന്നും 50,000 ത്തിന് മുകളിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഐസിയു, വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല. നിലവിൽ രോഗികളിൽ 3.6% പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളതെന്നും മന്ത്രി അറിയിച്ചു.

സർക്കാർ ആശുപത്രികളിലെ 40.6 ശതമാനം ഐ.സി.യു. ബെഡുകളിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ. കോവിഡ്, കോവിഡ് ഇതര രോഗികളുടെ എണ്ണമാണിത്. വെന്റിലേറ്റർ ഉപയോഗം 13 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ 9.3 ശതമാനം ഐ.സി.യു ബെഡുകളിലും 9.99 ശതമാനം വെന്റിലേറ്ററുകളിലും മാത്രമേ രോഗികളുള്ളൂ. ഒമിക്രോൺ മൂലമാണ് വലിയ തോതിലിലുള്ള രോഗവ്യാപനം സംസ്ഥാനത്തുണ്ടായിരിക്കുന്നത്. കോവിഡിന്റെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ താരതമ്യേന തീവ്രമല്ല. രോഗിയുമായി സമ്പർക്കത്തിൽ വരുന്ന മുഴുവൻ പേരും ക്വാറന്റീനിൽ പോകേണ്ടതില്ല. രോഗിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരും പരിചരിക്കുന്നവരും മാത്രം ക്വാറന്റെയ്‌നിലായാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എം.ബി.ബി.എസ്. നേടിയിട്ടുള്ളവരും ടി.എം.സിയിൽ താത്കാലികമോ സ്ഥിരമോ ആയ രജിസ്‌ട്രേഷൻ നേടിയിട്ടുള്ളവരുമായ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും വൊളന്ററി സേവനത്തിനിറങ്ങണമെന്നു മന്ത്രി അഭ്യർഥിച്ചു. രണ്ടു മാസത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് ആരോഗ്യ വകുപ്പ് സർട്ടിഫിക്കറ്റ് നൽകും. ടെലിമെഡിസിൻ സംവിധാനം ശക്തമാക്കുന്നതിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം കൂടുതലായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയിൽ 40,000 നു മേൽ ആളുകൾ ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തി. അത്യാവശ്യ ഘട്ടത്തിൽ മാത്രം ആശുപത്രിയിലേക്ക് പോയാൽ മതിയെന്നും അല്ലാത്ത സാഹചര്യങ്ങളിൽ ഇ-സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിതരായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ, ഗർഭിണികൾ, പ്രായംചെന്നവർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ തുടങ്ങിയവരുടെ ആരോഗ്യനില യഥാസമയം അറിയുന്നതിന് അംഗൻവാടി വർക്കേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്ന എല്ലാവരുമായും അതതു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടും. ഏതെങ്കിലും കാരണവശാൽ ടെലഫോണിലോ മറ്റോ വിളിക്കാൻ കഴിയാതെപോയാൽ ദിശയുടെ 104, 1056 എന്നീ നമ്പറുകളിലും ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളിലും ആവശ്യങ്ങൾക്കായി ബന്ധപ്പെടാം. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ കോളജുകളിൽ കൺട്രോൾ റൂമുകൾ ഇന്നു സജ്ജമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.