കൊച്ചി: സംസ്ഥാനത്തെ മാളുകള്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നത് പാര്‍ക്കിങ് സ്പേസ് കൂടി ഉള്‍പ്പെടുത്തിയാണെന്നും, ഫീ അനുവദിച്ചാല്‍ ലിഫ്റ്റുകള്‍ക്കും അവര്‍ ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ലുലു മാള്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ലുലു മാളില്‍ അനധികൃതമായാണ് പാര്‍ക്കിങ് ഫീസ് പിരിവ് നടക്കുന്നതെന്നും, പാര്‍ക്കിങ് ഫീസിന്റെ പേരില്‍ പിടിച്ചു പറിയാണ് ഇവിടെ നടക്കുന്നതെന്നുമായിരുന്നു പരാതി. അനധികൃത പാര്‍ക്കിങ് ഫീസ് ഇടാക്കിയെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകന്‍ പോളി വടക്കനാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ലുലുവില്‍ ഷോപ്പിങ്ങിനായി എത്തിയപ്പോള്‍ 20 രൂപ വാഹനത്തിന്റെ പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വന്നുവെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. അതേസമയം ലുലുമാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേരള മുന്‍സിപ്പാലിറ്റി ആക്ട് 447 പ്രകാരം തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് വാദിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ലുലുമാള്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനും കേരള സര്‍ക്കാരിനും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ലുലു മാള്‍ പോലുള്ള വാണിജ്യ സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിങ് സ്ഥലം നല്‍കേണ്ടത് സ്ഥാപന മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍, തുടക്കം മുതല്‍ തന്നെ ലുലു പാര്‍ക്കിങ് ഫീസ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഇതിനെതിരെ കളമശ്ശേരി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. എന്നാല്‍, വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടു. അതിനാല്‍ കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 21ലേക്ക് മാറ്റി.

