ലോകായുക്താ ഓർഡിനൻസ് ഇറക്കാൻ എന്തുകൊണ്ടാണ് ഇത്ര ധൃതി; അതൃപ്തിയുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസിനായുള്ള സർക്കാരിന്റെ നീക്കത്തിൽ അതൃപ്തിയുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് കാനം ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അദ്ദേഹം അംഗീകരിച്ചു. പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ല. ജനങ്ങളെ അണിനിരത്തിയായിരിക്കണം ഇത് നേരിടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാൻ വേണ്ടിയാണ് ലോകായുക്ത വിഷയത്തിൽ ഓർഡിനൻസ് ഇറക്കുന്നതെന്ന് കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്നും ലോകായുക്ത ശുപാർശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്നുകൊടുക്കുന്നതാണെന്നും കോടിയേരി പറഞ്ഞിരുന്നു.

നായനാർ സർക്കാർ ലോകായുക്ത നിയമം കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. നിയമത്തെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.