ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി; പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഇടുക്കി: ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്ത സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് കൈമാറി. ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.

പോലീസുകാരനെതിരായ ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് റിപ്പോർട്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം അനസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തൊടുപുഴയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് അനസ് ആർഎസ്എസിന്റെ വിവരങ്ങൾ ചോർത്തി നൽകിയത്.

ആർഎസ്എസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിവരങ്ങൾ പോലീസ് ഡാറ്റ ബേസിൽ നിന്നാണ് ഇയാൾ ചോർത്തിയത്. പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന പേരിൽ പോലീസ് ശേഖരിച്ച ആർഎസ്എസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിവരങ്ങളാണ് ഇയാൾ കൈമാറിയത്. പോപ്പുലർ ഫ്രണ്ട് ഭീഷണിയുള്ളതിനാൽ, സുരക്ഷ നൽകേണ്ട ഗണത്തിൽ പെടുത്തിയാണ് പോലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് മുഖേന ശേഖരിക്കുന്നത്.

ഈ വിവരങ്ങളാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നൽകിയത്. പോലീസ് ശേഖരിച്ച രഹസ്യവിവരങ്ങൾ അനസ് പികെ തന്റെ ഔദ്യോഗിക ഡൊമെയ്ൻ ഐഡി ഉപയോഗിച്ച് പേഴ്‌സണൽ മൊബൈലിലേക്ക് മാറ്റിയ ശേഷമാണ് പോപ്പുലർ ഫ്രണ്ട് നേതാവിന്റ മൊബൈലിലേക്ക് അയച്ചത്.