ലോകായുക്ത ഓർഡിനൻസ്; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടില്ല, വിശദീകരണം തേടി തിരിച്ചയച്ചേക്കും

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടില്ല. ഫയൽ വിശദീകരണം തേടി തിരിച്ചയക്കാനാണ് ഗവർണറുടെ തീരുമാനമെന്നാണ് വിവരം. ലോകായുക്താ ഓർഡിനൻസിന് പ്രസിഡന്റിന്റെ അനുമതി വേണമെന്നാണ് ഗവർണറുടെ പ്രാഥമിക വിലയിരുത്തൽ. ഇത് ഫയൽ വിശദീകരണം തേടി മടക്കി അയക്കുന്നത്.

ഗവർണർ ഫയൽ തിരിച്ചയച്ചാൽ പിന്നീട് ഈ ഓർഡിനൻസ് മന്ത്രിസഭ പരിഗണിക്കില്ലെന്നും നിയമസഭയിൽ ബില്ലു കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ബിൽ പാസാക്കി അതിന് ശേഷം ഗവർണ്ണർക്ക് കൈമാറാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കെയാണ് നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ലോകായുക്തയുടെ അധികാരം കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന് പിന്നിലെ ലക്ഷ്യം സർക്കാരിന് അഴിമതിയിൽ നിന്നും രക്ഷപ്പെടുകയെന്നതാണെന്ന വിമർശനമാണ് ഉയരുന്നത്.

മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിലുള്ളത് ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതിയാണ്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി തുടങ്ങിയവയാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസുകൾ. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതിയുള്ളത്.