ന്യൂഡൽഹി: ഈ വർഷത്തെ പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഇത്തവണത്തെ പദ്മവിഭൂഷൺ പുരസ്‌കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്‌കാരങ്ങൾ ലഭിക്കും.
പദ്മശ്രീ പുരസ്‌കാരങ്ങളും കേന്ദ്രം പ്രഖ്യാപിച്ചു. 128 പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചത്. ബിപിൻ റാവത്തിന് പുറമെ രാധേശ്യാം ഖേംക, കല്യാൺ സിങ്, പ്രഭാ ആത്രെ തുടങ്ങിയവർക്കും പത്മവിഭൂഷൻ ലഭിച്ചു.
107 പർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും നാലു പേർക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോൻ ചുണ്ടിയിൽ, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവർക്കാണ് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്കും പത്മശ്രീ നൽകി ആദരിക്കും.

