ഫേക്ക് ഐഡികളും സൈബർ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം; രൂക്ഷ വിമർശനവുമായി രമ്യ ഹരിദാസ്

തിരുവനന്തപുരം: കേരള സർക്കാരിനും ഇന്ത്യൻ കമ്മ്യൂണിസത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി രമ്യ ഹരിദാസ്. ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായെന്നും രമ്യാ ഹരിദാസ് പറഞ്ഞു. പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ സിനിമയിൽ പോലുമില്ലെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു രമ്യാ ഹരിദാസിന്റെ പ്രതികരണം.

ഫേക്ക് ഐഡികളും സൈബർ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം. നേതാവ് തൊട്ട് അണികൾ വരെ ഒരേ സംസ്‌കാരം. അവിടെയാണ് പരനാറിയും കള്ളസുവറും ദ്വയാർത്ഥങ്ങളും തെറിവിളികളും കയറി വരുന്നത്. മുതിർന്ന നേതാക്കളെ ക്യാപിറ്റൽ പണിഷ്‌മെന്റിന് വിടുന്നത്. എതിരെ എഴുതുന്ന മാദ്ധ്യമപ്രവർത്തകർ പിതൃശൂന്യർ ആകുന്നത്. പാർട്ടി മാറുന്നവർ കുലംകുത്തികൾ ആകുന്നത്..മതമേലധ്യക്ഷന്മാർ നികൃഷ്ടജീവികൾ ആകുന്നതെന്നും രമ്യാ ഹരിദാസ് അഭിപ്രായപ്പെട്ടു. ഇടതു അണികളിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നെന്ന് തുറന്നെഴുതിയ കായംകുളത്തെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അരിതാബാബുവിന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു രമ്യാഹരിദാസിന്റെ പരമാർശം.

സാമൂഹ്യ മാധ്യമങ്ങളിൽ ഇവർക്കിത് സ്ഥിരം ഏർപ്പാടാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയെ, കേരള സർക്കാരിനെ വിമർശിച്ച് എഴുതുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകൾ പലപ്പോഴും കേട്ടാലറക്കുന്ന തെറികളാണ്,ആക്ഷേപങ്ങളാണ്. ഫേക്ക് ഐഡികളിൽ നിന്നും മാത്രമല്ല സ്വന്തം മുഖം വെച്ചും തെറി പറയും, അത് അഭിമാനത്തിന്റെ ചിഹ്നമായി കാണുന്നവനാണ് സമൂഹമാദ്ധ്യമങ്ങളിലെ പാർട്ടി പോരാളികൾ. പ്രായമായ സ്വന്തം മക്കളോ മാതാപിതാക്കളോ ഇത്തരം തെറിയഭിഷേകങ്ങൾ കാണുമെന്ന ലജ്ജപോലുമില്ലാത്ത സംസ്‌കാര ശൂന്യരാണ് ഇവരെന്നും രമ്യാ ഹരിദാസ് വിമർശിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയേയും കേരളം ഭരിക്കുന്ന സർക്കാറിനെയും വിമർശിക്കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണിത്. തികഞ്ഞ അവജ്ഞയോടെ ഇതിനെ തള്ളിക്കളയണം. നമ്മുടെ പ്രവർത്തനങ്ങളുമായി ജനങ്ങളോടൊപ്പം മുന്നോട്ടു പോകണം. സാധാരണക്കാരായ ജനങ്ങൾ നമ്മുടെ കൂടെയുണ്ടാകുമെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.