പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം; രൂക്ഷ വിമർശനവുവമായി മായാവതി

ലക്നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുവമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മായാവതി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മായാവതിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം നിലപാട് മാറ്റേണ്ടിവന്നത് കോൺഗ്രസിന്റെ ദയനീയ അവസ്ഥയാണെന്ന് മായാവതി പറഞ്ഞു. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ പിന്തുണച്ച് വോട്ട് പാഴാക്കാരുത്. ജനങ്ങൾ കോൺഗ്രസിനെ അവഗണിക്കണമെന്നും ബി എസ് പിക്ക് വോട്ടു ചെയ്യുന്നതാണ് നല്ലതെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.

ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോയെന്നും തന്റെ മുഖം നിങ്ങൾക്ക് എല്ലായിടത്തും കാണാൻ സാധിക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത്. പാർട്ടിയുടെ മുഖം താൻ മാത്രമല്ലെന്ന് പിന്നീട് പ്രിയങ്ക തിരുത്തി പറയുകയും ചെയ്തിരുന്നു.