പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കും; കൂറുമാറ്റം തടയാനായി സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് കോൺഗ്രസ്

പനജി: കൂറുമാറ്റം തടയാനായി ഗോവയിലെ സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് കോൺഗ്രസ്. ജയിച്ചാൽ പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്ന പ്രതിജ്ഞയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ കൊണ്ട് എടുപ്പിച്ചത്. കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാർഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ചായിരുന്നു പ്രതിജ്ഞ ചെയ്യിപ്പിച്ചത്.

പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തിയ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് കോൺഗ്രസ് പാർട്ടിക്കൊപ്പം തുടരുമെന്ന് പ്രതിജ്ഞ ചെയ്തു. തങ്ങൾ 36 പേരും തങ്ങൾക്ക് ടിക്കറ്റ് തന്ന കോൺഗ്രസ് പാർട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് മഹാലക്ഷ്മി ദേവിയുടെ കാൽക്കൽ പ്രതിജ്ഞ ചെയ്യുന്നുവെന്ന് സ്ഥാനാർത്ഥികൾ സത്യം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ ഏത് സാഹചര്യത്തിലും പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് തങ്ങൾ പ്രതിജ്ഞ ചെയ്യുന്നുവെന്നും സ്ഥാനാർത്ഥികൾ ക്ഷേത്ര നടയിൽ വെച്ചും പള്ളികളിൽ വെച്ചും സത്യവാചകം ചൊല്ലി. ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ തുടങ്ങിയവർ പ്രതിജ്ഞയെടുക്കുമ്പോൾ സ്ഥാനാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.

2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോൺഗ്രസിന് സംസ്ഥാനത്ത് അധികാരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറിയതാണ് കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിന് കാരണം. 17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് അഞ്ച് വർഷം പിന്നിട്ടപ്പോൾ അവശേഷിച്ചത് വെറും രണ്ടു എംഎൽഎമാർ മാത്രമാണ്. ഇതെല്ലാം കണക്കിലെടുത്താണ് കൂറുമാറാതിരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥകളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.

അതേസമയം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 40 അംഗ ഗോവ നിയമസഭയിലെ 60 ശതമാനം എംഎൽഎമാരും കൂറുമാറിയതായാണ് കണക്കുകൽ വ്യക്തമാക്കുന്നത്.