ടി ശശിധരനെ തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി; 17 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്

തൃശ്ശൂർ: ടി ശശിധരനെ തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി സിപിഎം. വിഭാഗീയതയുടെ പേരിൽ പാർട്ടി ഘടകത്തിൽ നിന്ന് തരംതാഴ്ത്തിയിരുന്ന നേതാവാണ് ശശിധരൻ. 17 വർഷത്തിന് ശേഷമാണ് പാർട്ടി ശശിധരനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്.

തന്നെ പാർട്ടി മാറ്റി നിർത്തിയിട്ടില്ലെന്നും നടപടിയെടുത്ത ശേഷം ഇപ്പോൾ മടക്കിക്കൊണ്ട് വരികയാണ് ചെയ്തിരിക്കുന്നതെന്നും ശധിധരൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. ഒരാളെയും പൂർണമായി മാറ്റിനിർത്തുന്ന പതിവ് പാർട്ടിക്ക് ഇല്ല. തീരെ പറ്റാത്തയാളെങ്കിൽ ഒഴിവാക്കും. എന്തെങ്കിലും ഗുണമേന്മയുണ്ടെങ്കിൽ അയാളെ മടക്കിക്കൊണ്ട് വരുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ കഴിയുന്നത് പോലെ പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനം. പാവങ്ങൾക്കൊപ്പം ധാർമികമായും സത്യസന്ധമായും നിൽക്കുകയെന്നതാണ് മറ്റൊരു കാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റിയിലേക്ക് എത്തിയതിൽ സന്തോഷമുണ്ട്. പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും അതനുസരിച്ചാണ് നടപടികളും മടക്കിക്കൊണ്ട് വരവും. നടപടിയുടെ ഭാഗമായി മാറ്റി നിർത്തിയ പാർട്ടിക്ക് ഇപ്പോൾ താൻ ശരിയായ നടപടിയിലേക്ക് എത്തി എന്ന് തോന്നിയതിനാലാകും മടക്കിക്കൊണ്ട് വന്നതും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും. 17 വർഷം കീഴ്കമ്മിറ്റികളിൽ പ്രവർത്തിച്ചപ്പോഴും പാർട്ടി പറഞ്ഞതാണ് അനുസരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.