ദിലീപിനെതിരെയുള്ള വെളിപ്പെടുത്തലിനെ മലയാളത്തിലെ ഒരു സൂപ്പർ താരം പിന്തുണച്ചു; ബാലചന്ദ്ര കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്ര കുമാർ. ഗൂഢാലോചന സംബന്ധിച്ച തന്റെ വെളിപ്പെടുത്തലിനെ മലയാളത്തിലെ ഒരു സൂപ്പർ താരം പിന്തുണച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ തനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ അദ്ദേഹം പിന്തുണ നൽകിയെന്നും ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി. നിർമ്മാതാക്കളും സംവിധായകരും ഉൾപ്പെടെ തനിക്ക് പിന്തുണ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അറിയുന്നവരും അറിയാത്തതുമായ താരങ്ങളിൽ നിന്നും പിന്തുണ അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ബാലചന്ദ്ര കുമാർ അറിയിച്ചു. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേസിൽ ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

ഏത് അന്വേഷണത്തിനും തയാറാകാമെന്ന് ദിലീപ് ഇന്ന് കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.