മൂംബൈയിലെ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം

മുംബൈ: മുംബൈയിലെ 20 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ മരണപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ലെവല്‍ 3 കാറ്റഗറിയില്‍പ്പെടുന്ന തീപിടത്തമാണ് കെട്ടിടത്തില്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശം സ്ഥിതി ചെയ്യുന്ന കമല ബില്‍ഡിങ്ങിലാണ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ തീപടര്‍ന്നത്. അഗ്‌നിരക്ഷാ സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ വ്യക്തമാക്കി.