കൊല്ലം: പിഡബ്‌ള്യുഡിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായ മറുപടി നല്‍കാതിരുന്ന എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ- ഓര്‍ഡിനേഷന്‍ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തിനിടെയാണ് മന്ത്രിയുടെ നടപടി.
ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിര്‍മാണത്തിന്റെ പുരോഗതിയെ സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാത്തതിന്റെ പേരില്‍ പി ഡബ്‌ള്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്ദുരാജിനെ പാലക്കാട് ബ്രിഡ്ജസ് വിഭാഗത്തിലേക്ക്് സ്ഥലം മാറ്റാന്‍ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. 2016ലെ ഒരു കെട്ടിട നിര്‍മാണപ്രവര്‍ത്തി റീ-ടെന്‍ഡര്‍ ചെയ്യാത്തതെന്തെന്ന മന്ത്രിയുടെ ചോദ്യത്തിന് കോടതിയില്‍ കേസുള്ളതു കൊണ്ട് എന്നായിരുന്നു എഞ്ചിനീയറുടെ മറുപടി. എന്നാല്‍, കോടതിയില്‍ സ്റ്റേയുണ്ടോ, സ്റ്റേ മാറ്റാന്‍ നടപടിയെടുത്തോ എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. പല നിര്‍മാണങ്ങളുടെയും നിലവിലെ പുരോഗതി സംബന്ധിച്ചും ഉദ്യോഗസ്ഥന് മറുപടിയുണ്ടായിരുന്നില്ല.
2016, 2018 വര്‍ഷങ്ങളില്‍ അനുമതി ലഭിച്ച പല നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ എഞ്ചിനീയറെ സ്ഥലം മാറ്റാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

