മടിക്കൈ: ചൈനയെ പ്രശംസിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള രംഗത്ത്. ലോക സാമ്പത്തികവളര്‍ച്ചയില്‍ 30 ശതമാനവും ചൈനയുടെ സംഭാവനയാണെന്നും കൊവിഡ് കാലത്ത് 115 രാജ്യങ്ങള്‍ക്ക് പ്രതിരോധ മരുന്നെത്തിച്ചത് അവരാണെന്നും എസ്ആര്‍പി പറഞ്ഞു. സി.പി.എം. കാസര്‍കോട് ജില്ലാസമ്മേളനം ഉദ്ഘാടന വേളയിലാണ് അദ്ദേഹം വീണ്ടും ചൈനയെ പ്രകീര്‍ത്തിച്ചത്.
എന്നാല്‍, ഒരു രാജ്യത്തെയും പ്രകീര്‍ത്തിക്കാനല്ല, ലോകസ്ഥിതിഗതികള്‍ പഠിക്കാനാണിത് പറയുന്നതെന്ന് എസ്ആര്‍പി വ്യക്തമാക്കി. ‘തന്നെ വിമര്‍ശിച്ച ആരും വസ്തുതകള്‍ പഠിക്കുന്നില്ല. ലോകത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള 70 ശതമാനം ഉത്പന്നങ്ങള്‍ നല്‍കുന്നത് ചൈനയാണ്. അതേസമയം ലോകത്തിന് 60 ശതമാനം ദാരിദ്ര്യം സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യന്‍ മാതൃക മാത്രമല്ല, നമുക്കുണ്ടായിട്ടുള്ളത്. ക്യൂബയും ലാവോസും ഉത്തരകൊറിയയും വിയറ്റ്‌നാമും നമുക്ക് മാതൃകയാക്കാവുന്നതാണ്. 116 രാജ്യങ്ങളിലെ ദരിദ്രരുടെ കണക്കില്‍ 94-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ 101-ാം സ്ഥാനത്താണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രദ്ധ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ്. മതേതരരാജ്യത്തെ പ്രധാനമന്ത്രി ഹിന്ദുക്ഷേത്രം നിര്‍മിക്കാനാണ് മുന്‍കൈയെടുക്കുന്നത്. കോര്‍പ്പറേറ്റ് വര്‍ഗീയശക്തികളുടെ അമിതാധികാരവാഴ്ചയാണ് ഇന്ത്യയില്‍ നടക്കുന്നത്’-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചൈനയെ പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്നും, വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈന മുന്നോട്ടു വെച്ച മൂന്നാംലോക സിദ്ധാന്തം പാര്‍ട്ടി അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ചൈനയിലെ വികസനശ്രമങ്ങള്‍ വിശകലനംചെയ്ത് അനുയോജ്യമായവ കണ്ടെത്തുകയെന്നത് ജനപക്ഷത്തുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ്. ചര്‍ച്ചകള്‍ക്കിടെ ഉയരുന്ന അഭിപ്രായങ്ങളെ വ്യത്യസ്ത നിലപാടുകളെന്ന നിലയില്‍ വ്യവഹരിക്കുന്നത് മാധ്യമങ്ങളുടെ മനോരോഗമാണെന്നും തൃശ്ശൂര്‍ പാര്‍ട്ടി ജില്ലാസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

