തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാകുന്നു; മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായി അടച്ചിടും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാകുന്നു. ജില്ലയിലെ മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായി അടച്ചിടാനാണ് തീരുമാനം. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ എന്തെങ്കിലും അനുമതി നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കുന്നതായും കളക്ടർ വ്യക്തമാക്കി. ബി കാറ്റഗറി നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം നിർദ്ദേശിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനത്തിന് മുകളിൽ കോവിഡ് രോഗികൾ നിലവിലുള്ളതിനാലാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി നടത്തണമെന്നും നിർദ്ദേശമുണ്ട്്.

മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനായും 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈനായും നടത്താം. ബഡ്‌സ് സ്‌കൂളുകൾക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷൽ സ്‌കൂളുകൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ നടത്താം. എന്നാൽ ഇവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണം. ജനുവരി 23, 30 തിയതികളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.