വീടിന് വേണ്ടി 102 ദിവസത്തെ സമരം; ഒത്തുതീര്‍പ്പിലെത്തിയ ആശ്വാസത്തില്‍ മുതലമട കോളനി നിവാസികള്‍

പാലക്കാട്: മുതലമട അബേദ്ക്കര്‍ കോളനിയിലെ ദളിത് കുടുംബങ്ങള്‍ക്ക് ഇനി താല്‍ക്കാലികാശ്വാസം. 102 ദിവസങ്ങളായി വീടിന് വേണ്ടി കോളനിക്കാര്‍ നടത്തി വന്ന സമരം ഒത്തു തീര്‍പ്പിലേക്ക്. സ്വന്തമായി ഭൂമിക്കും വീടിനും വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് അംബേദ്കര്‍ കോളനിയിലെ 36 ദളിത് കുടുംബങ്ങള്‍ സമരത്തിലേക്കെത്തിയത്.

94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും 8 ദിവസമായി പാലക്കാട് കളക്ട്രേറ്റ് പടിക്കലുമായിരുന്നു മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയുമൊക്കെയുള്ള പ്രതിഷേധം. എന്നാല്‍, സാഹചര്യം മുറുകിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സര്‍ക്കാരിന്റെ ഭവന പദ്ധതികളില്‍ നിന്നും ചക്ലിയ വിഭാഗക്കാരെ പഞ്ചായത്ത് അധികൃതര്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം.

അതേസമയം, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണനുമായി പാര്‍ട്ടി മുന്‍കയ്യെടുത്ത് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.