കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട; പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ആറുമുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ മാസക് ധരിക്കണമെന്ന ശുപാര്‍ശയുണ്ടെങ്കിലും ഉചിതമായ മാസ്‌കുകള്‍ ഉപയോഗിക്കാം. എന്നാല്‍, 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. കൊവിഡ് ബാധിച്ച കുട്ടികളില്‍ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ചും ഇതില്‍ ഉള്‍പ്പെടുന്നു.

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആന്റിവൈറലുകളോ മോണോക്ലോണല്‍ ആന്റിബോഡികളോ നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഗുരുതരമായ കേസുകളില്‍ മാത്രമേ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് അനുമതിയുള്ളു.

കൊവിഡ് നെഗറ്റീവ് ആയ കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കണമെന്നും പോഷകാഹാരവും കൗണ്‍സിലിംഗും ലഭ്യമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.