കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയിൽ പോലെയൊരു പദ്ധതി നടപ്പാക്കാൻ ആകൂവെന്ന് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു. സർവ്വേ നടത്തുന്നതിന് മുൻപ് എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയ്യാറാക്കിയതെന്നായിരുന്നു ഈ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി.
ഇപ്പോഴും സർവ്വേ നടക്കുന്നുണ്ട്. റിമോട്ട് സെൻസിങ് ഏജൻസി വഴിയാണ് സർവേ നടത്തുന്നത്. ഏരിയൽ സർവേയ്ക്ക് ശേഷം ഇപ്പോൾ ഫിസിക്കൽ സർവേ നടക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. എന്നാൽ സർവ്വേ എങ്ങനെ ആണ് നടത്തുന്നത് ഇപ്പോഴും വ്യക്തമല്ലെന്നും, കുറ്റി നാട്ടുന്നതിന് മുമ്പ് സർവ്വേ തീർക്കണമായിരുന്നുവെന്നുമാണ് കോടതിയുടെ നിലപാട്. ഇപ്പോൾ കുറ്റികൾ നാട്ടുന്നില്ലെന്നും ആളുകൾ കോടതി ഉത്തരവ് മറയാക്കി കുറ്റികൾ എടുത്തു കളയുന്നുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. അങ്ങനെയുണ്ടെങ്കിൽ സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്ന് കോടതി മറുപടിയും നൽകി.
ആളുകൾ റീത്ത് വെച്ചാൽ സർക്കാരിന് നിയമ നടപടി സ്വീകരിക്കാം. അതിനു കോടതിയെ പഴി ചാരിയിട്ട് കാര്യം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഏരിയൽ സർവ്വേ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഏരിയൽ സർവ്വേ അടിസ്ഥാനത്തിൽ എങ്ങനെ ആണ് ഡിപിആർ തയാറാക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതൊക്കെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക എന്ന് മനസിലാക്കാനാണ് സർവ്വേയെന്ന് സർക്കാർ വിശദീകരിച്ചു.
ഏരിയൽ സർവ്വേ പ്രകാരണമാണ് ഡിപിആർ തയ്യാറാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഇപ്പോഴും സർവേ നടക്കുന്നു എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് സർക്കാർ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രം ആണ് സർവേ നടത്തുന്നത് എന്നും ഏറ്റെടുക്കാൻ വേണ്ടിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

