ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തീരുമാനിച്ച് ചന്ദ്രശേഖർ ആസാദ്

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തീരുമാനിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗൊരഖ്പൂരിൽ സ്ഥാനാർഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ആസാദ് വ്യാഴാഴ്ച്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ചന്ദ്രശേഖർ ആസാദ് സ്ഥാനാർത്ഥിയാകുന്നതോടെ ഗൊരഖ്പൂർ മണ്ഡലത്തിൽ മത്സരം കടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അയോധ്യയിലോ മഥുരയിലോ യോഗി മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ. എന്നാൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചതോടെ ഈ സാധ്യതയ്ക്ക് വിരാമമാകുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചന്ദ്രശേഖർ ആസാദിന് പിന്തുണ നൽകുമെന്നാണ് വിവരം. പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോൺഗ്രസും ബി.എസ്.പിയും ചന്ദ്രശേഖർ ആസാദിനെ പിന്തുണയ്ക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.