ഗൂഢാലോചന കേസില്‍ ദിലീപിന്റെ അടക്കം ആറ് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതോടെ വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാവില്ല. എന്നാല്‍, കസ്റ്റഡിയില്‍ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും വിവരങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ റെയ്ഡ് ഉള്‍പ്പെടെയുള്ളവ ഇനിയും ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ദിലീപിന്റെ സുഹൃത്തും അങ്കമാലി സൂര്യ ഹോട്ടല്‍സ് ഉടമയുമായ ശരത് ജി നായര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ആലുവ സ്വദേശി ശരത് ജി നായരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫ്‌ലാറ്റിലും ശരത്തിന്റെ വസതിയിലും ഇന്നലെ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

