ന്യൂഡല്‍ഹി: ഫെബ്രുവരി 14 ന് നടക്കേണ്ട പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ച് ഫെബ്രുവരി 20 ലേക്ക് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് 10ന് ഫലമറിയും. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 10, 14, 20, 23, 27 മാര്‍ച്ച് മൂന്ന്, ഏഴ് തിയ്യതികളിലായി ഏഴ് ഘട്ടങ്ങളിലായാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത്. പുതിയ തീരുമാന പ്രകാരം പഞ്ചാബില്‍ ഫെബ്രുവരി 20ന് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. 117 സീറ്റുകളിലേക്കാണ് പഞ്ചാബില്‍ മത്സരം നടക്കുന്നത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ മണിപ്പൂര്‍ സംസ്ഥാന നിയമസഭകളിലെ 690 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഗോവ, ഉത്തരഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ വോട്ടെടുപ്പ്.

