പാലക്കാട്: വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഎം. സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സിപിഎം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചത്. 200ലേറെ പേരാണ് പാലക്കാട് ജില്ലയിലെ പൊൽപ്പുള്ളി അത്തിക്കോട് സിപിഎം സംഘടിപ്പിച്ച കന്നുപൂട്ട് മത്സരം കാണാനെത്തിയത്. ആൾക്കൂട്ടങ്ങൾ പാടില്ലെന്ന നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴാണ് സിപിഎമ്മിന്റെ നടപടി.
പൊൽപ്പുള്ളി മുൻ ലോക്കൽ സെക്രട്ടറി ജി വേലായുധന്റെ 17-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് സിപിഎം കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലായി 100 ഓളം ഉരുക്കൾ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. അതേസമയം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മത്സരം നടത്തിയതെന്നാണ് സിപിഎം പറയുന്നത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര സംഘടിപ്പിച്ചതിനെതിരെ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം വീണ്ടും കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയത്.
കന്നുപൂട്ട് മത്സരം ഉദ്ഘാടനം ചെയ്തത് മലമ്പുഴ എംഎൽഎ എ പ്രഭാകരനാണ്. പരിപാടി മുമ്പേ നിശ്ചയിച്ചിരുന്നതാണെന്നും പൂർണമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

