സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായ അദ്ദേഹത്തിന് ശ്വാസതടസത്തെ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടായിരത്തോളം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളുടെ സംഗീത സംവിധാനവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. 1973 ൽ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി അദ്ദേഹം ഹരിവരാസനം പുരസ്‌കാരം സ്വീകരിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.