കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ ഇടപെടാൻ കഴിയില്ലെന്ന് ശിൽപ അറിയിച്ചു. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതിൽ കേസെടുത്താൽ സദാചാര പോലീസിംഗ് ആകുമെന്നുമാണ് ശിൽപയുടെ പ്രതികരണം.
പരാതി ഉള്ള കേസിൽ മാത്രമേ പൊലീസിന് നടപടി സ്വീകരിക്കാൻ കഴിയൂ. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കിൽ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാൽ കേസെടുക്കും. പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലാത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് തന്നെ നിർബന്ധിച്ചതായി ഭാര്യ മൊഴി നൽകുകയും ചെയ്തിരുന്നുവെന്ന് ശിൽപ വ്യക്തമാക്കി. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നായിരുന്നു ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തിൽ. ആവശ്യം വിസമ്മതിപ്പിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞിരുന്നു. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞുവെന്നും ഇരയുടെ സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്.
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്നും കപ്പിൾ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം നടന്നിരുന്നതെന്നും പൊലിസ് കണ്ടെത്തിയിരുന്നു.

