50 പേരുടെ സ്ഥാനത്ത് 250 പേര്‍; മരണത്തിന്റെ വ്യാപാരികളാണ് സിപിഎം; രൂക്ഷവിമര്‍ശനവുമായി വി. ഡി സതീശന്‍

കൊച്ചി: ധീരജ് കൊലപാതകത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പോലീസ് നിരപരാധികളെയാണ് പ്രതികളാക്കിയതെങ്കില്‍ സംരക്ഷിക്കുമെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. ആറുപേര്‍ ചേര്‍ന്ന് എങ്ങനെയാണ് നൂറുപേരെ ആക്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു. സിപിഎം മരണത്തിന്റെ വ്യാപാരികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനുവരി 31വരെ എല്ലാ പരിപാടികളും കോണ്‍ഗ്രസ് മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം, ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് സിപിഎം തിരുവാതിരയും ജില്ലാ സമ്മേളനവും നടത്തുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. 50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ളിടത്ത് 250 പേരാണ് പങ്കെടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കെ-റെയില്‍ പദ്ധതിയെ കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. സില്‍വര്‍ ലൈനിന് തൊട്ടടുത്ത് പരിസ്ഥിതി ലോല മേഖലയാണെന്നും. റെയില്‍ പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല പോകുന്നതെന്ന വാദം തെറ്റാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതിനാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.