അണ്ടര്‍ 19 ലോകകപ്പ്: വിജയത്തോടെ തുടങ്ങി ടീം ഇന്ത്യ

ഗയാന: അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് പരാജയപ്പെടുത്തി വിജയത്തുടക്കമിട്ട് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.4 ഓവറില്‍ 187 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വാളും നാലു വിക്കറ്റ് നേടിയ രാജ് ബാവയുമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ തകര്‍ത്തത്. 10 ഓവറില്‍ വെറും 28 രണ്‍സ് മാത്രം വഴങ്ങിയാണ് ഒസ്ത്വാള്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

99 പന്തില്‍ നിന്ന് 2 സിക്‌സും 6 ഫോറുമടക്കം 65 റണ്‍സെടുത്ത ബെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 61 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോര്‍ജ് വാന്‍ ഹീര്‍ഡെനും 33 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ഓപ്പണര്‍ വാലിന്റൈന്‍ കിറ്റിമെയ്ക്കും മാത്രമാണ് തുടര്‍ന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചത്. അഞ്ചു പേര്‍ രണ്ടക്കം കാണാതെയും രണ്ടുപേര്‍ അക്കൗണ്ട് തുറക്കും മുമ്പും പുറത്തായി.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം മെച്ചപ്പെട്ട കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയാണ് ഇന്ത്യ 232 എന്ന സ്‌കോറിലെത്തിയത്. സ്‌കോര്‍ 11-ല്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാരായ ഹര്‍നൂര്‍ സിങ്ങിനെയും (1) ആംഗ്രിഷ് രഘുവംശിയേയും (5) ഇന്ത്യയ്ക്ക് നഷ്ടമായി.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഷായിക് റഷീദ് – ക്യാപ്റ്റന്‍ യാഷ് ദുള്‍ സഖ്യം 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 54 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത റഷീദ് 20-ാം ഓവറില്‍ പുറത്തായി. പിന്നാലെ നിഷാന്ത് സിന്ധുവിനെ കൂട്ടുപിടിച്ച് യാഷ് സ്‌കോര്‍ ഉയര്‍ത്തി. 100 പന്തില്‍ നിന്ന് 11 ഫോറടക്കം 82 റണ്‍സെടുത്ത യാഷ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. സിന്ധു 25 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. തുടര്‍ന്ന് 44 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കൗശല്‍ താംബെയാണ് ഇന്ത്യയെ 200 കടത്തിയത്.