‘കോപ്പിയടി വിവാദം, നികുതി വെട്ടിപ്പ്’; ജില്ലാ സമ്മേളനത്തില്‍ നാണക്കേടുകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിഎസ്സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോര്‍പറേഷന്‍ നികുതി വെട്ടിപ്പു കേസും സിപിഎമ്മിന് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ സര്‍ക്കാരിന് ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്ത് വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവര്‍ത്തനമെന്നാണ് ചിലരുടെ വിചാരമെന്നും അദ്ദേഹം വിമര്‍ശിച്ചു. നഗര മേഖലയിലും ചിറയിന്‍കീഴ് താലൂക്കിലും ബിജെപിക്ക് മുന്നേറ്റമുണ്ടാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.