ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനല്ലെന്ന കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍. കേസില്‍ പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍ക്കോടതിയില്‍ പോകണമെന്നും കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു.
അതേസമയം, കോടതി വിധി ആശങ്കാജനകമാണെന്നും, പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നും സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. ഇത്തരം കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കണം. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് കനത്ത ജാഗ്രതയോടെ തന്നെ ഇടപ്പെട്ടിരുന്നു. കേസിലെ തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി പഠിച്ചതിന് ശേഷം മാത്രമേ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് വിലയിരുത്താന്‍ സാധിക്കൂ എന്നും സതീദേവി വ്യക്തമാക്കി. കേസില്‍ അപ്പീല്‍ നല്‍കാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
സിസ്റ്റര്‍ക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ പ്രതികരിച്ചു. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയില്‍ വിശ്വസിക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ‘പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പോലീസും പ്രോസിക്യൂഷനും ഞങ്ങള്‍ക്ക് ഒപ്പം നിന്നെങ്കിലും കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല’- കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ചു. ഇതുവരെ പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ക്ക് സിസ്റ്റര്‍ അനുപമ നന്ദി പറഞ്ഞു.

